kottayam

ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ ശ്രമം വേണം :തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി 2025-ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേതലംവരെ സുസജ്ജമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ നമുക്കുണ്ട്. അതിന്റെ പ്രയോജനം മുഴുവൻ ആളുകൾക്കും ലഭിക്കണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായുള്ള ടി.ബി ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ‘ടി.ബി മുക്ത് സ്റ്റാറ്റസ് റിപ്പോർട്ട്’ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ സന്ദേശം നൽകി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്തംഗം ആർ. ശ്രീകല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ,നഗരസഭാ കൗൺസിലർ എസ്്. ഗോപകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.ജെ.സിത്താര, ജില്ലാ ടി.ബി ഓഫീസർ ഡോ.ശ്രീജിത്ത് ബാബു, ഡോ.ആശ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.

ഗോൾഡ് വിഭാഗത്തിൽ ഞീഴൂർ, മണിമല, കറുകച്ചാൽ, കല്ലറ, അകലക്കുന്നം, തലപ്പലം പഞ്ചായത്തുകളാണ് അവാർഡിനർഹരായത്. സിൽവർ വിഭാഗത്തിൽ നീണ്ടൂർ, കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, തീക്കോയി, മറവൻതുരുത്ത്, കൂരോപ്പട, പനച്ചിക്കാട്, നെടുംകുന്നം പഞ്ചായത്തുകളും ബ്രോൺസ് വിഭാഗത്തിൽ കടപ്ലാമറ്റം, തലയാഴം, ആർപ്പൂക്കര, ഉഴവൂർ, തലയോലപ്പറമ്പ്, കങ്ങഴ പഞ്ചായത്തുകളും അവാർഡിനർഹരായി

Leave a Reply

Your email address will not be published. Required fields are marked *