pala

മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ദർശനങ്ങൾ കാലത്തിന് അതീതം: പ്രൊഫ. വി. ജെ. ജോസഫ്

പാലാ: കാലത്തെ അതിജീവിക്കുന്ന മഹത്തായ ജീവിതമാതൃകയാണ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റേതെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ദർശനങ്ങളും പുതുതലമുറയുടെ ജീവിതത്തിന് വഴികാട്ടിയാകണമെന്നും ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാനും മുൻ എം.എൽ.എയുമായ പ്രൊഫ. വി. ജെ. ജോസഫ് പറഞ്ഞു.

പാലായുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച് ചെത്തിമറ്റം ദൈവദാൻ സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയുടെ ആത്മീയ വളർച്ചയ്ക്കൊപ്പം വിദ്യാഭ്യാസ-സാമൂഹിക മേഖലകളുടെ പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ ദീർഘദർശിയായിരുന്നു മാർ സെബാസ്റ്റ്യൻ വയലിൽ.

വിദ്യാഭ്യാസത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ശക്തമായ ഉപാധിയായി കണ്ട അദ്ദേഹം, അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് വലിയ പ്രാധാന്യം നൽകി. ദീർഘവീക്ഷണവും ഇച്ഛാശക്തിയും സേവനമനോഭാവവും സമന്വയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാലായുടെയും വിശാലമായ സമൂഹത്തിന്റെയും വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു.

നാലു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കാലം മാറിയാലും അദ്ദേഹം ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹം, സേവനം, വിദ്യാഭ്യാസ പുരോഗതി, ധാർമികമൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം കുറയുന്നില്ല. അദ്ദേഹത്തിന്റെ ജീവിതം കേവലം ചരിത്രസ്മരണയല്ല, ഇന്നത്തെ തലമുറയ്ക്കുള്ള ശക്തമായ സന്ദേശം കൂടിയാണ്.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പ്രൊഫ ഡാൻ്റി ജോസഫ്, ടോണി തോട്ടം, ദൈവദാൻ സെൻ്റർ മദർ സുപ്പീരിയർ സിസ്റ്റർ ഷെറിൻ മേരി, ജോജോ വയലിൽകളപ്പുര, സാജു പ്ലാത്തോട്ടം, ജോസി വയലിൽകളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ്പ് വയലിലിനെക്കുറിച്ച് തയ്യാറാക്കിയ ഗാനം ജോജോ വയലിൽ കളപ്പുര ചടങ്ങിൽ ആലപിച്ചു. തുടർന്നു അഗതികൾക്കു സ്നേഹവിരുന്നും നൽകി.

Leave a Reply

Your email address will not be published. Required fields are marked *