Pala News

മാസങ്ങൾക്ക് ശേഷം പുതുജീവിതത്തിലേക്ക് ചുവടുവെച്ച് കൗമാരക്കാരി

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ കരങ്ങൾ പിടിച്ച് 3 മാസത്തിന് ശേഷം പുതുജീവിതത്തിലേക്ക് ചുവടുവെച്ച് പാലാ സ്വദേശിനിയായ കൗമാരക്കാരി. മരിയസദനത്തിലെ കുട്ടികളോടും അന്തേവാസികളോടുമൊപ്പം ജീവിക്കുകയായിരുന്ന പതിമൂന്നുകാരിക്ക് അകാരണമായ പനിയും ശർദ്ധിയും മൂലം നടക്കാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടു.

ഇതിനെത്തുടർന്ന് മരിയസദനത്തിലെ അധികാരികൾ കുട്ടിയെ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് മാറ്റുകയായിരുന്നു.കലശലായ പനി മൂലം കുട്ടിയുടെ രോഗപ്രതിരോധ ശേഷി ഞരമ്പുകളെ ബാധിക്കുകയും (ഗില്ലെൻ ബാരി സിൻഡ്രോം) ശ്വാസം എടുക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തുടർചികിത്സയുടെ ഭാഗമായി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ട്രക്കിയോസ്റ്റമിക്ക് ശേഷം റൈൽസ് ട്യൂബിലൂടെ ഭക്ഷണം നൽകുകയും ചെയ്തു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ഉമിനീർ പോലും ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുന്ന അപകടകരമായ അവസ്ഥയിൽ ആയിരുന്നതിനാൽ ട്രക്കിയോസ്റ്റമി തുടരേണ്ടി വന്നു. ആരോഗ്യപരമായി വെല്ലുവിളികൾ നേരിടുന്ന ഒരു അമ്മയും മരിയസദനം എന്ന സ്ഥാപനവും മാത്രമായിരുന്നു കുട്ടിയുടെ ഏക ആശ്രയം.


മാർ സ്ലീവാ മെഡിസിറ്റി പാലായിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. അരുൺ തോമസിന്റെ വിദഗ്ധ പരിശോധനയിൽ തലയോട്ടിയിലെ ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയായ ബൾബാർ പാൾസിയും, ബൈലാറ്ററൽ ഫേഷ്യൽ പാൾസി അഥവാ മുഖത്തിന്റെ ഇരുവശങ്ങളിലെയും ഞരമ്പുകൾക്ക് സംഭവിക്കുന്ന പക്ഷാഘാതവുമാണ് കുട്ടിക്ക് സംഭവിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുവാൻ സാധിച്ചു.

ഏകദേശം 15 ദിവസത്തോളം വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന കുട്ടിക്ക് മികച്ച ചികിത്സയും പരിചരണവും ഒരുക്കുവാൻ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്ടറുമാർക്കും മറ്റ് സ്റ്റാഫുകൾക്കും കഴിഞ്ഞു.


ട്രക്കിയോസ്റ്റമി ഉണ്ടായിരുന്നതിനാൽ ദൈനംദിന പരിചരണം ആവശ്യമായിരുന്ന കുട്ടിക്ക് ഡോക്ടറുമാരുടെ പ്രത്യക ശ്രദ്ധയോടൊപ്പം മാനസിക ഉല്ലാസത്തിനായി ടാബും, കോമിക് ബുക്കുകളും ആശുപത്രിയുടെ സ്നേഹസമ്മാനമായി നൽകി. ഇതിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുവാൻ ഡോക്ടറുമാർക്ക് സാധിച്ചു.


പീഡിയാട്രിക്സ്, ന്യൂറോളജി, ഇ.എൻ.റ്റി, ഫിസിയോതെറാപ്പി, ഓഫ്താൽമോളജി, പൾമനോളജി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, ചൈൽഡ് സൈക്കോളജി, ഓഡിയോളോജി തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സേവനം മൂലമാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുവാൻ സാധിച്ചതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published.