ഈരാറ്റുപേട്ട: ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ കേരളീയർക്ക് മടിയാണെന്നും മന്ത്രി രമേശ് ചെന്നിത്തല. ഈരാറ്റുപേട്ട ട്രാഫിക് പൊലിസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂൾതലം മുതൽ ട്രാഫിക് പരിശീലനം നൽകാൻ ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നാട്ടിലുണ്ടാകുന്ന അപകടങ്ങളിൽ ഏറിയ പങ്കും മദ്യപാനവും ലഹരി ഉപയോഗവും മൂലമാണ്.
കഴിഞ്ഞ ദിവസം സ്കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരിൽ ബ്രെത്ത് അനലൈസർ പരിശോധന നടത്തിയപ്പോൾ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ലഭിച്ചത്. 57 പേർ മദ്യപിച്ചാണ് വാഹനമോടിച്ചത്. പിഞ്ചുകുട്ടികളുമായി പോകുന്ന വാഹനങ്ങൾ ഓടിക്കുന്നവരുടെ അവസ്ഥയാണിത്. ഇവരുടെ ലൈസൻസ് റദാക്കി ജോലിയിൽനിന്നു പുറത്താക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം എംഎൽഎയുടെ ഓഫീസും മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, അസീസ് ബഡായി, അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, അഡ്വ. സതീഷ് കുമാർ, ഫിലിപ്പ് ജോസഫ്, ജോർജ് ജേക്കബ്, മജു പുളിക്കൻ, ആർ. പ്രേജി, ബിന്ദു സെബാസ്റ്റ്യൻ, ആർ. ശ്രീകല, പി.എച്ച്. നൗഷാദ്, കെ.ഇ.എ. ഖാദർ, അനസ് നാസർ, കെ.എ. മുഹമ്മദ് ഹാഷിം എന്നിവർ പ്രസംഗിച്ചു.





