general

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം; ഇന്ന് ലോക മാസീകാരോഗ്യ ദിനം (റവ.ഡോ. ജോജോ മാത്യു ചേന്നാട്ട് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & കോർഡിനേറ്റർ , ക്ലിനിക്കൽ സൈക്കോളജി വിഭാഗം & അസോ. ഡയറക്‌ടർ , ആയുഷ് വിഭാഗം മാർ സ്ലീവാ മെഡിസിറ്റി പാലാ )

മാനസീകാരോഗ്യത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനും ഈ രംഗത്ത് പ്രവൃത്തിക്കുന്നവരെ പിന്തുണക്കുന്നതിനുമായി 1992 മുതൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 10 -ാം തീയതി മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. മാനസീകാരോഗ്യത്തെകുറിച്ചുള്ള വിദ്യാഭ്യാസം, അവബോധം, സാമൂഹികമായ മാറ്റി നിർത്തലുകൾക്കും വിവേചനത്തിനുമെതിരെയുള്ള കൂട്ടായ പ്രവൃത്തനം എന്നിവയ്ക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് മാനസീകാരോ ഗ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരോവർഷവും പ്രത്യേക പ്രമേയങ്ങൾ പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷത്തെ പ്രമേയമായി പ്രഖ്യാപിച്ചിരിക്കുന്നത് : “Lived Eperinences heard : Real Voices Real change ” എന്നതാണ്. നിലവിൽ, മാനസീകാരോഗ്യ നയങ്ങളും ചികിത്സാരീതികളും രൂപീകരിക്കുന്നത് മാനസിക രോഗങ്ങളാൽ ക്ലേശിക്കുന്നവർക്കു വേണ്ടിയാണെങ്കിലും അവരുടെ അഭിപ്രായങ്ങൾ വേണ്ട വിധത്തിൽ കേൾക്കപ്പെടുന്നില്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ പ്രമേയം രൂപം കൊണ്ടത്.

മാനസീകാരോഗ്യ വെല്ലുവിളികൾ നേരിട്ട വ്യക്തികളുടെ യഥാർത്ഥ അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കണം. അവരുടെ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും കണക്കിലെടുത്ത് നയങ്ങൾ രൂപീകരിക്കുകയും കുടുംബങ്ങളിലും സമൂഹത്തിലും തൊഴിലിടങ്ങളിലും മാറ്റങ്ങൾ വരുത്തുകയും ആരോഗ്യ പരിപാലന സംവിധാനങ്ങൾ പരിഷ്കരിക്കുകയും ചെയ്യുമ്പോൾ ഈ ദിനാചരണം അന്വർത്ഥമാകും. പരസ്പരം കരുതുന്ന നല്ല മാനസികാരോഗ്യ സംസ്കാരം വളർത്തിയെടുക്കാൻ ചില പ്രായോഗിക നിർദേശങ്ങൾ കൂടി ശ്രദ്ധിക്കാം:

1.സഹാനുഭൂതിയോടെ ശ്രദ്ധിക്കുകയും ശ്രവിക്കുകയും ചെയ്യുക : സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ സഹപ്രവൃത്തകരോ അവരുടെ മാനസിക പ്രയാസങ്ങൾ തുറന്നു പറയുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കുക

2.മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക: മാനസിക രോഗങ്ങളാൽ ക്ലേശിക്കുന്നവർ വിദഗ്ധ സഹായം തേടാൻ മടിക്കരുത്. ശാരീരിക രോഗങ്ങൾക്ക് ചികിത്സ തേടുന്നതുപോലെ മാനസിക രോഗങ്ങൾക്കും ചികിത്സ തേടണം.

3.മാനസീക ശാരീരിക ആരോഗ്യത്തെ അപകടത്തിലാക്കുന്ന ദുശീലങ്ങളിൽ നിന്ന് പ്രത്യേകിച് ലഹരി ഉപയോഗത്തിൽ നിന്നും അകന്നു നിൽക്കുക. ആരോഗ്യകരമായ ശീലങ്ങൾ ആർജിക്കുക .
4.ജോലി – ജീവിത സന്തുലിതാവസ്ഥ (work – Life balance) നിലനിറുത്താൻ ശ്രദ്ധിക്കണo. കൃത്യമായ ഉറക്കം, വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഇവ പിന്തുടരണം. കുടുംബ, സാമൂഹിക ബന്ധങ്ങൾ വളർത്തുകയും മെച്ചപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യണം. എല്ലാവർക്കും മാനസികാരോഗ്യ ദിനത്തിൻ്റെ മംഗളങ്ങൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *