അരുവിത്തുറ: ശനിയാഴ്ച രാത്രി ആലപ്പുഴയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണമടഞ്ഞ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഒന്നാംവർഷ ഇക്കണോമിക്സ് വിദ്യാർത്ഥി ഋഷികേശിന്റെ സ്മരണയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ വിദ്യാർഥി സമൂഹവും അധ്യാപകരും ജീവനക്കാരും ബാഷ്പാഞ്ജലികൾ അർപ്പിച്ചു.
കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഋഷികേശിന്റെ ഛായ ചിത്രത്തിനു മുൻപിൽ ഒത്തുചേർന്ന വിദ്യാർത്ഥികൾക്കു മുൻപിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, കോളേജ് കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി, വോളിബോൾ കോച്ച് ജേക്കബ്ബ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ ഋഷികേശ് വി.റ്റിയെ അനുസ്മരിച്ച് സംസാരിച്ചു.
കോളേജിലെ വോളിബോൾ ടീം അംഗവും സ്പോർട്സ് ഹോസ്റ്റൽ അംഗവുമായ ഋഷികേശ് വോളിബോളിൽ കോളേജിന്റെ മിന്നും താരമായിരുന്നു. ഹയർസെക്കൻഡറി തലത്തിൽ മികച്ച പ്രകടനവുമായി കോളേജ് ടീമിലെത്തിയ ഋഷികേശ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ നിരവധി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആലപ്പുഴ വെട്ടിക്കൽ വലിയ വീട്ടിൽ ടിറ്റോ- സീതാ ദമ്പതികളുടെ മകനാണ് ഋഷികേശ് വി.റ്റി.





