കടുത്തുരുത്തി: മന്ത്രി മോന്‍സ് ജോസഫിന് നേരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി.എസ്. അപ്പു, വൈസ് പ്രസിഡന്റ് കെ.ആര്. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആപ്പാഞ്ചിറ ജംഗ്ഷന് സമീപത്തുവച്ചാണ് മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായത്.
കീഴൂരില്‍ പരിപാടി കഴിഞ്ഞ് കടുത്തുരുത്തിയിലേക്ക് വരുന്നതിനിടെയാണ് വഴിയില്‍ കാത്തുനിന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണത്. പൈലറ്റ് വാഹനം നിര്‍ത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ വാഹനത്തിന് മുമ്പില്‍നിന്ന് പോലീസുകാർ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊല്ലത്തുവച്ചു യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുമെതിരേ യുവമോര്‍ച്ച നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് മോന്‍സ് ജോസഫിനെ കരിങ്കൊടി കാണിച്ച് തടഞ്ഞത്.





