general

കാട്ടുപന്നികളും കടവാവലുകളും വ്യാപകമായി കൃഷിനാശം വരുത്തുന്നു, അടിയന്തിര നടപടി വേണം: റെസിഡന്റ്‌സ് കൗണ്‍സില്‍

മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി പ്രദേശത്ത് കാട്ടുപന്നികളും കടവാവലുകളും വ്യാപകമായി കൃഷിനാശം വരുത്തുന്നതായി ജനമൈത്രി റെസിഡന്റ്‌സ് വെല്‍ഫെയര്‍ കൗണ്‍സില്‍.

ഇന്നലെ വെളുപ്പിന് കാട്ടുപന്നിക്കൂട്ടം കൊടയ്ക്കനാല്‍ ഷാജി പോളിന്റെ കൃഷിസ്ഥലത്ത് നട്ടുവളര്‍ത്തിയിരുന്ന മരച്ചീനി കൃഷി വ്യാപകമായി നശിപ്പിച്ചു. ഒറ്റയ്ക്കും പെട്ടയ്ക്കും കുഞ്ഞുങ്ങളേയുമായി എത്തുന്ന ഇവറ്റകളുടെ മുമ്പില്‍ മനുഷ്യന്‍ പെട്ടാല്‍ ആക്രമണ സ്വഭാവമുള്ളവയുമാണ് ഇവറ്റകള്‍.

മലയോര മേഖലകളില്‍ നിന്നും ആളുകള്‍ താമസം മാറിയത് കാട്ടുപന്നികള്‍ക്ക് യഥേഷ്ടം പെറ്റുപെരുകുവാനും വിഹരിക്കുവാനും കാരണമായിട്ടുണ്ട്. കാട്ടുപന്നികള്‍ ദിവസവും പൊതുമരാമത്ത് റോഡുവരെ ഇറങ്ങി കൃഷിയിടങ്ങളില്‍ നാശം വരുത്തുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുമൂലം കാട്ടുപന്നികളുടെ എണ്ണം യഥേഷ്ടം പെരുകുകയാണ്.

റമ്പുട്ടാന്‍ പോലുള്ള പഴവര്‍ഗ്ഗങ്ങള്‍ കൂറ്റന്‍ കടവാവലുകളും തിന്നുനശിപ്പിക്കുകയാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍പോലും കാട്ടുപന്നികളും കടവാവലുകളും എത്തുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പ്രയോഗിച്ച് കാട്ടുപന്നിക്കൂട്ടങ്ങളുടെ ശല്യം നിയന്ത്രിക്കണമെന്നും അപകടകാരികളായ പന്നികളെ കൊല്ലുവാനുള്ള നടപടി സ്വീകരിച്ചും കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കാനും പഞ്ചായത്ത് അധികാരികള്‍ തയ്യാറാകണമെന്നും കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *