poonjar

പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ ‘സ്വച്ഛതാ ഹി സേവ – പുലരി ഫേസ് 2’ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

പൂഞ്ഞാർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ദേശീയ ശുചിത്വ മിഷന്റെ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ‘പുലരി ഫേസ് 2’ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.

രാവിലെ നടന്ന ചടങ്ങിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മഹാത്മാഗാന്ധി പകർന്നുനൽകിയ ശുചിത്വ സന്ദേശത്തിന്റെ പ്രസക്തിയെക്കുറിച്ചും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അൽ-സാഹിർ എസ്. എസ്. ബോധവൽക്കരണ സന്ദേശം നൽകി. തുടർന്ന് പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ്. ഫ്ലാഗ് ഓഫ് ചെയ്ത് ‘പുലരി ഫേസ് 2’-ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

പ്രോഗ്രാം ഓഫീസർമാരായ ജെഫ്സിൻ ജോസഫ്, മാർട്ടിൻ ജെയിംസ്, വോളന്റിയർ സെക്രട്ടറിമാരായ ധനുഷ് വി. എസ്., ആദിത്യ കൃഷ്ണ, ഗോപിക കെ. എസ്. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അൻപതോളം എൻ.എസ്.എസ് വോളന്റിയർമാർ പങ്കെടുത്ത യജ്ഞത്തിൽ കോളേജിലെ സി ബ്ലോക്ക് പരിസരവും, ‘പുലരി ഫേസ് 1’-ൽ ശുചീകരിച്ച പ്രധാന കവാടവും (മെയിൻ ഗേറ്റ്) അനുബന്ധ പ്രദേശങ്ങളും പൂർണ്ണമായി ശുചീകരിച്ച് മാലിന്യമുക്തമാക്കി.

പരിപാടിയുടെ സുഗമമായ ഏകോപനത്തിന് കോളേജ് ട്രാൻസ്പോർട്ട് ഇൻ-ചാർജ് ഷൈൻ പി. ജെയിംസും ബസ് ജീവനക്കാരും ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കി. കോളേജ് ക്യാന്റീൻ ജീവനക്കാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, ഓഫീസ് സ്റ്റാഫ് എന്നിവരുടെ പൂർണ്ണ പിന്തുണ പരിപാടിയെ വിജയകരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *