കുന്നോന്നി: ക്ഷേത്രത്തിൽ പന്തൽ നിർമിക്കാൻ ഫണ്ട് കണ്ടെത്താൻ വേറിട്ട ചലഞ്ചുമായി എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 5950 കുന്നോന്നി. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണത്തോടനുബന്ധിച്ചാണ് ‘പന്തൽ നിർമ്മാണ ചിരട്ട ചലഞ്ച്’ എന്ന പേരിൽ സമാഹരണത്തിന് തുടക്കമിട്ടത്.
ക്ഷേത്രത്തിനും പരിസരത്തിനും ഭംഗിയും വൃത്തിയും ഉറപ്പാക്കുന്നതിനും ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ ഇരുന്ന് പ്രാർഥിക്കുന്നതിനുമായി പന്തൽ നിർമിക്കുകയാണ് ലക്ഷ്യം. 2027 മാർച്ചിനു മുമ്പായി നിർമാണം പൂർത്തിയാക്കുന്നതിനാണ് ശാഖാ ഭരണസമിതി ലക്ഷ്യമിടുന്നത്.
ശാഖയുടെ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ച ബജറ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടര വർഷത്തെ ശാഖയുടെ പ്രവർത്തനത്തിലൂടെ മാർച്ചോടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകദേശം ഒരു ലക്ഷം രൂപയും അംഗങ്ങളിൽനിന്ന് ലഭിക്കുന്ന ക്ഷേത്രനിധി മാസവരിയും പന്തൽ നിർമാണത്തിനായി വിനിയോഗിക്കും. ഇതിനു പുറമേ ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് ‘ചിരട്ട ചലഞ്ച്’ സംഘടിപ്പിക്കുന്നത്.
അംഗങ്ങളുടെ വീടുകളിൽനിന്ന് പരമാവധി നൽകാൻ കഴിയുന്ന ചിരട്ടകൾ ശേഖരിച്ച് നാല് മാസം നീളുന്ന സമാഹരണം നടത്തും. 2027 ഫെബ്രുവരി 21ന് ശാഖാതലത്തിൽ ചിരട്ടകൾ ഒരുമിച്ച് ഏറ്റുവാങ്ങി പന്തൽ നിർമാണത്തിനാവശ്യമായ ഫണ്ടിനായി ഉപയോഗപ്പെടുത്തും.
വനിതാസംഘം, കുടുംബ യൂണിറ്റുകൾ, മറ്റു പോഷക സംഘടനകൾ, ശാഖാ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മഹാസമാധിദിനത്തിൽ ആരംഭിച്ച വേറിട്ട ചിരട്ട ചലഞ്ച് കൂട്ടായ്മയിലൂടെ ചെറിയ സംഭാവനകൾ പോലും വലിയൊരു ലക്ഷ്യത്തിലേക്ക് മാറ്റാനുള്ള ശ്രമം കൂടിയാണ്.





