pala

ബാങ്ക് ഉപഭോക്താക്കളുടെ സമരം പിൻവലിച്ചു; ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫൗണ്ടേഷൻ

പാലാ: ബാങ്ക് സമരം പിൻവലിച്ച സാഹചര്യത്തിൽ, ബാങ്ക് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഇന്ന് (സെപ്റ്റംബർ 28) പാലാ എസ്.ബി.ഐ. മെയിൻ ബ്രാഞ്ചിന് മുന്നിൽ നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവച്ചു. എന്നാൽ നേരത്തെ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവ കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അറിയിച്ചു.

ബാങ്കിംഗ് സേവനങ്ങൾ കാര്യക്ഷമമാക്കുക, ബാങ്ക് സമരങ്ങൾ മൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക, ബാങ്കിംഗിനെ അത്യാവശ്യ സേവന മേഖലയായി പരിഗണിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി കൂടുതൽ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിപ്പിക്കണമെന്നും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ പ്രവർത്തനസമയം ഉറപ്പാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

മിനിമം ബാലൻസ്, എ.ടി.എം., എസ്.എം.എസ്., ചെക്ക് ബുക്ക് തുടങ്ങിയവയുടെ പേരിലുള്ള അധിക സർവീസ് ചാർജുകൾ ഒഴിവാക്കുക, ശാഖകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കർഷകർ, പെൻഷൻകാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ബാങ്ക് നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും, ബാങ്ക് അധികൃതരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഭാരം നിക്ഷേപകരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ബാങ്കുകളിലെ അടിസ്ഥാന സൗകര്യങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഡിജിറ്റൽ ബാങ്കിങ് സഹായവും മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ബാങ്കിംഗ് പരിഷ്കാരങ്ങൾ നടപ്പാക്കാവൂ എന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്നും ഏകപക്ഷീയമായ നടപടികളെ ശക്തമായി ചെറുക്കുമെന്നും എബി ജെ. ജോസ് പറഞ്ഞു.

ബാങ്ക് സമരം പിൻവലിച്ചതിനെ തുടർന്നാണ് പാലായിലെ പ്രതിഷേധ സമരം മാറ്റിവച്ചത്. സമരം മാറ്റിവച്ചെങ്കിലും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും ഫൗണ്ടേഷൻ ഭാരവാഹികളായ സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *