പാലാ: നഗരസഭയിലെ പുതിയ ചെയര്‍പേഴ്സനെ ഇന്ന് തെരഞ്ഞെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ റിയാ ചീരാംകുഴി മത്സരിക്കും. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച നിലവിലെ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കു മത്സരിക്കും. കോണ്‍ഗ്രസിലെ മൂന്ന് വിമതരുടെ പിന്തുണ ഇവര്‍ക്കുണ്ട്.
യുഡിഎഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതും നാല് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഇവരെ പുറത്താക്കിയതും. കോണ്‍ഗ്രസ് വിമത ലിസിക്കുട്ടി യുഡിഎഫിനാണ് വോട്ടു ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ യുഡിഎഫിന് ഇവരെ കൂട്ടി പത്ത് അംഗങ്ങളുണ്ട്. മായാ രാഹുലിനെ പിന്തുണയ്ക്കാന്‍ എഡിഎഫില്‍ 12 അംഗങ്ങളും കോണ്‍ഗ്രസ് വിമതരിലെ മൂന്നു പേരുമുണ്ട്.
യുഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായി റിയാ ചീരാംകുഴിയെ ഇന്നലെ പാലായില്‍ നടന്ന നേതൃയോഗമാണ് പ്രഖ്യാപിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം തുടങ്ങിയവര്‍ പങ്കെടുത്തു.
വിപ്പ് ലംഘിച്ച് എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് വോട്ടു ചെയ്ത വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേ നിയമ നടപടി ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.





