general

മദ്യനയ രൂപീകരണം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കേണ്ടത് ഇരകളുടേത് : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതല്‍ എക്‌സൈസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തില്‍ നിര്‍ദ്ദേശങ്ങളും ദുരനുഭവങ്ങളും കേള്‍ക്കേണ്ടത് മദ്യത്തിന്റെ ദുരിതവും ദുരന്തവും പേറുന്ന ഇരകളുടെയോ അവരുടെ ആശ്രിതരുടെയോ, മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തകരുടെയോ ആകുന്നതാണ് കൂടുതല്‍ ഉചിതമെന്നും ഇത് നാടിന് യോജിച്ച മദ്യനയരൂപീകരണത്തിന് വഴിയൊരുക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

നയരൂപീകരണത്തിന് ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ പാത പിന്തുടരുന്നത് രാജ്യതാല്പര്യത്തിന് ഗുണകരമാകും. കള്ളുഷാപ്പുകളില്‍ വൃക്ഷത്തില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ള് മാത്രമേ വില്ക്കപ്പെടുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിനാണ്. ഷാപ്പുകളില്‍ കള്ള് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നുള്ള നഗ്നസത്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയതിനാല്‍ മദ്യദുരന്ത സാധ്യത തള്ളിക്കളയാനാവില്ല.

കള്ളുഷാപ്പുകളെല്ലാം ഹോട്ടലുകളായി പ്രവര്‍ത്തിക്കാനുള്ള അനുമതി കൊടുത്തത് 2025-26 കാലഘട്ടത്തില്‍ ഇടതുസര്‍ക്കാരാണ്. ഈ നടപടി ”കുട്ടികുടിയന്‍മാരെ” സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയം ഉള്‍പ്പെടെ ഇടതുസര്‍ക്കാരിലെ ജനവിരുദ്ധമായ മുഴുവന്‍ മദ്യനയവും യു.ഡി.എഫ്. സര്‍ക്കാര്‍ തിരുത്തിയെഴുതണം.

മദ്യംപോലുള്ള ലഹരിവസ്തുക്കളുടെ ഉല്പാദനത്തിനും വിതരണത്തിനും ലൈസന്‍സ് നല്കുന്ന എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിനെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രക്രിയയില്‍ നിന്നും ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *