ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ബാധിക്കില്ലെന്ന് സ്കൂൾ മാനേജർ എം.കെ. അൻസാരി പറഞ്ഞു.
ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികളുടെയും ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് സ്കൂളിൽ സഹവിദ്യാഭ്യാസം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 28-ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമീപത്തെ സ്കൂളുകളുടെ മാനേജർമാരും അധ്യാപകരും നൽകിയ അപ്പീലിലാണ് ഒക്ടോബർ എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരുടെ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കാനും അതുണ്ടായില്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ തീരുമാനം ഇല്ലാതെ തന്നെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോകാനും ഏപ്രിൽ 28ലെ ഉത്തരവിൽ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.





