കടനാട്: പഞ്ചായത്തിലെ വല്യാത്ത്, കാവുംകണ്ടം വാര്‍ഡുകളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി അറിയിച്ചു.
പനി റിപ്പോര്‍ട്ടു ചെയ്ത സ്ഥലങ്ങളില്‍ ഫോഗിംഗ് നടത്തി. വീടുകളിലെത്തി ഉറവിട നശീകരണവും ബോധവത്കരണവും നടത്തി. പനി, ക്ഷീണം ഉള്ളവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ നിര്‍ദേശം വീടുകളിലെത്തി ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിത്താര സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൂടാതെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പ്രതിരോധമരുന്ന് (ഹോമിയോ) വിതരണം നടന്നുവരുന്നു.
കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് കടനാട് പഞ്ചായത്തിലാണ്. 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളൂര്‍ പഞ്ചായത്തില്‍ 14 പേര്‍ക്കും തലപ്പലം പഞ്ചായത്തില്‍ ഏഴുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.





