general

വിശ്വാസജീവിതത്തോടൊപ്പം ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റണം: മോൺ. ജോസഫ് കണിയോടിക്കൽ

ലൗകികമായ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോകാതെ പ്രാർത്ഥനയിലും ദൈവ ശുശ്രൂഷയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു.

പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള ‘അഭിഷേകാഗ്നി മരിയൻ കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും അടുപ്പവും ഈ ഇടവകയുടെയും നാട്ടുകാരുടെയും പാരമ്പര്യത്തിന്റെ ഭാഗമാണ്. പരിശുദ്ധ കന്യാമറിയം നിർദേശിച്ചതുപോലെ “ഈശോ പറയുന്നത് ചെയ്യുക” എന്ന ദൈവവിളി ഉൾക്കൊള്ളാൻ നാം തയ്യാറാകണം. നമ്മിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന കുടുംബപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റാൻ സാധിക്കണം.

ജീവിതസന്ധ്യയിൽ, “ദൈവമേ, എന്റെ കർത്തവ്യം ഞാൻ പൂർത്തിയാക്കി” എന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ ധൈര്യത്തോടെ പറയാൻ കഴിയുന്ന രീതിയിൽ വിശ്വാസജീവിതം നയിക്കാൻ സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബഹുമാനപ്പെട്ട സാംസനച്ചന്റെ പ്രസംഗങ്ങളിലൂടെ തിരുവചനത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാൻ ദൈവജനത്തിന് സാധിക്കട്ടെ. ഈ ബൈബിൾ കൺവെൻഷൻ നമ്മുടെ പ്രാർത്ഥനാജീവിതത്തെക്കുറിച്ചും ക്രൈസ്തവ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വലിയ ഉൾക്കാഴ്ചകൾ നൽകാൻ ഇടയാക്കട്ടെയെന്നും വികാരി ജനറൽ ആശംസിച്ചു.

ഇന്നു മുതൽ ഓഗസ്റ്റ് 29 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ദിവസവും വൈകുന്നേരം 4:30 മുതൽ രാത്രി 9:00 വരെ നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും തിരുക്കർമ്മങ്ങൾക്കും അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ PDM നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *