പൂഞ്ഞാർ: എക്സാലോജിക് കേസിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കള്ളക്കേസിന്റെ പേരിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ആരോപിച്ചു.
സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





