പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 108 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധിദിനം 21ന് (1202 കന്നി 5) ആചരിക്കും. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ മഹാസമാധിദിനാചരണം എന്ന പ്രത്യേകതയുമുണ്ട്.
ഒരു നൂറ്റാണ്ടിന് മുമ്പ് ഗുരുദേവന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച മങ്കുഴി ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിക്കുന്നത് ചരിത്രവും ആത്മീയതയും ഒത്തുചേരുന്ന അവസരമാകും.
ജാതീയ വേർതിരിവുകൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഗുരുദേവന്റെ ചിന്തകൾക്ക് കൂടുതൽ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ശതാബ്ദി ആഘോഷവും മഹാസമാധിദിനാചരണവും.
രാവിലെ 7ന് ശ്രീനാരായണ ഗുരുദേവ ഭാഗവത പാരായണം. 10.30ന് വനിതാസംഘം പൂഞ്ഞാറിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണം. ഉച്ചയ്ക്ക് ഒന്നിന് എഴുത്തുകാരനും വാഗ്മിയും അധ്യാപകനുമായ കെ.ജി. ഹരികൃഷ്ണൻ പ്രഭാഷണം നടത്തും. തുടർന്ന് അന്നപ്രസാദ വിതരണവും സമൂഹപ്രാർഥനയും. വൈകിട്ട് 3.30ന് മഹാസമാധി പൂജയും ഉപവാസം അനുഷ്ഠിച്ചവർക്ക് പ്രസാദ വിതരണവും ഉണ്ടായിരിക്കും.





