kaduthuruthy

തോട്ടുവ – കുറുപ്പന്തറ – കല്ലറ റോഡ് നിർമ്മാണത്തിന് തുടക്കമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 6.29 കോടിയുടെ വികസന പദ്ധതി മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: പ്രതികൂല കാലാവസ്ഥയും സാങ്കേതിക തടസ്സങ്ങളും മൂലം അനിശ്ചിതത്വത്തിലായിരുന്ന തോട്ടുവ – കുറുപ്പന്തറ – കല്ലറ പുത്തൻപള്ളി റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാർ അനുവദിച്ച 6.29 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു.

വെള്ളക്കെട്ട് മൂലം നിരവധി കുഴികൾ രൂപപ്പെട്ട് തുടർച്ചയായി നിരവധി അപകടങ്ങൾക്ക് ഇടവരുത്തിയിരുന്ന കാഞ്ഞിരത്താനത്തിന് സമീപമുള്ള മെയിൻറോഡ് ഭാഗം കുഴികളടച്ച് മണ്ണിട്ടുയർത്തുന്ന നിർമ്മാണ ജോലികൾക്കാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത്.

വെള്ളക്കെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് റോഡ് മണ്ണിട്ടുയർത്തുന്നത് ഇതേ തുടർന്ന് ടൈൽ ഇട്ടു വിരിച്ച് റോഡിൻ്റെ പ്രധാന ഭാഗം നവീകരിക്കുന്ന പ്രവർത്തിയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് ഇത്തരത്തിൽ വെള്ളക്കെട്ട് പ്രതിസന്ധിയുണ്ടാകുന്ന വിവിധ സ്ഥലങ്ങളിൽ വെറ്റ് മിക്സ് വിരിച്ച ശേഷം ടൈൽ വിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക കെടുതിയിൽ സ്ഥിരമായി റോഡ് തകർച്ച ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഇപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ തൃപ്തികരമായ സ്ഥിതിയിൽ അപകട രഹിതമായി മെയിൻ റോഡ് സംരക്ഷിക്കാൻ കഴിയുമെന്നുള്ള പ്രത്യേകതയാണുള്ളത്.

ഉന്നത നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗും ബി.സി ഓവർലേ ടാറിംഗും സംയോജിപ്പിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നത്. ജനത്തിരക്കുള്ള പ്രധാന കവലകളിൽ റോഡിന്റെ വീതികൂട്ടി ടാറിംഗ് നടത്തുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിച്ച് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്ന ഡ്രെയിനേജ് സൗകര്യവും പദ്ധതിയിലുണ്ട്.

സെപ്റ്റംബർ 21 മുതൽ ഇപ്രകാരമുള്ള രണ്ടാം ഘട്ട പ്രവർത്തികളും ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു. യുഡിഎഫ് സർക്കാരിൻറെ നൂറുദിനകർമ്മ പരിപാടിയിലൂൾപ്പെടുത്തിയാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പൊൾ ആരംഭിച്ചിട്ടുള്ളത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി വി.ഡി. സതീശൻ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എന്നിവർ നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കഴിഞ്ഞത് ഇതേ തുടർന്ന് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിലാണ് തോട്ടുവ – കുറുപ്പന്തറ – കല്ലറ റോഡിന്റെ റീ-ടാറിംഗ് പ്രവൃത്തികളും പുനരുദ്ധാരണ ജോലികളും സർക്കർ അടിയന്തര പ്രാധാന്യത്തോടെ ഇപ്പോൾ നടപ്പാക്കുന്നത് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

കാഞ്ഞിരത്താനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ് പാളിത്തോട്ടം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൂക്കോസ് മാക്കീൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭ ജെയിംസ് പുല്ലാപ്പള്ളിൽ, ബാബു തൂമ്പുങ്കൽ, വിവിധ ജന നേതാക്കളായ ജെയിംസ് പുല്ലാപ്പള്ളിൽ, ബേബി തൊണ്ടാംകുഴി, ബിനോ സക്കറിയ, ജോസി മാത്യു, പി.വി. ജോസഫ് പാളിയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *