general

പൊതുസേവനത്തിന് അംഗീകാരം; പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം

വൈക്കം: തലയാഴം സ്വദേശിയും പൊതുപ്രവർത്തകനുമായ പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം. പൊതുപ്രവർത്തന രംഗത്ത് വിവിധ മേഖലകളിലായി നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്.

2008 മുതൽ എസ്.എൻ.ഡി.പി യോഗം 2676-ാം നമ്പർ തലയാഴം ശാഖാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പ്രീജു കെ. ശശി, ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗവുമാണ്.

2018ലെ പ്രളയകാലത്ത് ദുരിതബാധിതരായ 280 കുടുംബങ്ങളെ സ്വന്തം വാഹനങ്ങളിൽ ഓംകാരേശ്വരം ക്ഷേത്രത്തിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുകയും പിന്നീട് അവർ വീടുകളിലേക്ക് മടങ്ങുമ്പോൾ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകൾ നൽകുകയും ചെയ്തു. നിരവധി പേർക്ക് വ്യക്തിപരമായി ചികിത്സാ സഹായവും നൽകിയിട്ടുണ്ട്.

2020ൽ തലയാഴം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കാലയളവിലും വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ പങ്കുചേരുകയും പ്രായമായ തൊഴിലാളികളുടെ ജന്മദിനങ്ങൾ ആഘോഷിക്കുകയും ചെയ്തു. വാർഡിലെ മുഴുവൻ ആളുകൾക്കും വിഷുക്കൈനീട്ടം നൽകുകയും ആശാവർക്കർമാർക്ക് ഓണറേറിയം നൽകുകയും ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ചികിത്സാ സഹായം, നേത്ര പരിശോധനാ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, അമ്മമാരുടെ ഉത്സവം തുടങ്ങിയ വിവിധ സാമൂഹിക പ്രവർത്തനങ്ങളും നടത്തി.

തലയാഴം മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള കെ.വി. കനാൽ ഫാം റോഡ് നിർമ്മാണത്തിനും നേതൃത്വം നൽകി. വേമ്പനാട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡിന് ടൂറിസം മേഖലയിലും സാധ്യതകളുണ്ട്.

കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളും ടെലിവിഷനുകളും ലഭ്യമാക്കുന്നതിനും ഇടപെടലുകൾ നടത്തി.

നിലവിൽ ബി.ജെ.പി വൈക്കം മണ്ഡലം ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന പ്രീജു കെ. ശശിക്ക് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് മഹാത്മജി പുരസ്കാരം നൽകുന്നത്. സമസ്ത മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാര വിതരണം.

ഒക്ടോബർ 10ന് എറണാകുളം കച്ചേരിപ്പടിയിലെ ഇ.എസ്. എസ്. എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *