melukavu

ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഓണാഘോഷവും യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമും

മേലുകാവ്മറ്റം: അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ ഹെൻറി ബേക്കർ കോളേജ് മേലുകാവിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘യുവധാര 2026’ന്റെ ഭാഗമായി ഇരുമാപ്രാമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂളിൽ ഓണാഘോഷം, ഓണപ്പായസ വിതരണം, മോട്ടിവേഷൻ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

കോളേജ് ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ പ്രൊഫ. ജസ്റ്റിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബില്യന്റ് സ്റ്റഡി സെന്റർ മാത്ത്സ് വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് കടപ്ലാക്കൽ മുഖ്യാതിഥിയായി. ഈരാറ്റുപേട്ട ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി മാണി, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ, സെക്രട്ടറി മനോജ് ബെഞ്ചമിൻ, ദീപാമോൾ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

നാഷണൽ ട്രെയിനർ ഡോ. ആന്റണി ജോസഫ് നയിച്ച മോട്ടിവേഷൻ ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിവിധ ബോധവത്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിനും സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനുമുള്ള അവസരമൊരുക്കുന്നതിനുമാണ് ‘യുവധാര 2026’ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 23ന് ആരംഭിച്ച സപ്തദിന ക്യാമ്പ് ഇരുമാപ്രാമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂളിലാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *