പാലാ: പദവികള്‍ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയില്‍നിന്നു ജനങ്ങള്‍ കൂടുതല്‍ അകലുന്നതിന് കാരണമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
കേരള കോണ്‍ഗ്രസ്-എം ജില്ലാ ക്യാമ്പ് പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കൊപ്പം നിന്ന് വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോള്‍ എല്‍ഡിഎഫിന് ആവശ്യമെന്നും ജോസ് കെ. മാണി പറഞ്ഞു. സതീശന് നയിക്കുന്നു, ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങളെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, എന്‍. ജയരാജ്,ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോര്‍ജുകുട്ടി ആഗസ്തി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ വ്യാപകമായി ഉണ്ടാവുന്ന പ്രളയദുരിതത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികള്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും കൃത്യസമയത്ത് തണ്ണീര്‍മുക്കം ബണ്ട് തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.





