ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ ആദ്യ ടർഫ് ഗ്രൗണ്ടായ കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലെ ടർഫ് ഗ്രൗണ്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.
ടർഫ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 7 വരെ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സ്കൂൾ ടർഫ് കോർട്ടിൽ ആരംഭിച്ചു. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. വി.പി. നാസർ നിർവഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് ഫ്ലഡ് ലൈറ്റ് സ്വിച്ച് ഓൺ നിർവഹിച്ചു. ടർഫ് നാമകരണം ഫൗസിയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസ്മി നിർവഹിച്ചു.
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബാസിത് സി.പി., ട്രസ്റ്റ് ചെയർമാൻ സക്കീർ, ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ്, പി.ടി.എ. പ്രസിഡണ്ട് പരിക്കുട്ടി മേത്തർ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം, ഈ വർഷം സ്കൂൾ സംഘടിപ്പിക്കുന്ന എല്ലാ ടൂർണമെന്റുകളിലും സൗജന്യ പ്രവേശനവും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.





