ഇരുമാപ്രമറ്റം :നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു. സമാപനദിവസം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ അതിഥി ആയിരുന്നു.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി സമാപന ദിവസം സുംബാ ഡാൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.ട്രെയിനേഴ്സ് ആയ അനീറ്റ,വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് , ചിത്രരചന, ഗെയിംസ് ,ആർച്ചറി ,യോഗാ, ഫോട്ടോഗ്രഫി, ക്രാഫ്റ്റ് പരിശീലനം, കാലിഗ്രാഫി, സുംബാ ഡാൻസ്, ഡി ജെ തുടങ്ങിയ പരിശീലന പരിപാടികൾ നടന്നു.
നിരവധി യു.പി & ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മികച്ച വിദ്യാർത്ഥി ക്യാമ്പ് കോർഡിനേറ്റർമാരെയും പഠനമുറി സംഘാടകരെയും പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം സമാപന സന്ദേശം നൽകുകയും വിദ്യാർഥികൾക്ക് മധുരം നൽകുകയും ചെയ്തു.
ഡിജിറ്റൽ ലോകത്തുനിന്നും ലഹരി ലോകത്തു നിന്നും പഠനത്തിന്റെയും ജീവിതഗന്ധിയായ അനുഭവങ്ങളുടെയും കലാകായികരംഗത്തിലേക്കും നയിക്കുന്ന മികച്ച പരിശീലനം ആയിരുന്നു അൺബോക്സിംഗ് നൽകിയത്.
കുട്ടികളുടെ ഉള്ളിൽ ഉറങ്ങിയിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും ഈ ക്യാമ്പ് ഏറെ സഹായകമായതായി വിദ്യാർഥികൾ പറഞ്ഞു. സഭാകമ്പം മാറുന്നതിനും ലക്ഷ്യബോധം നേടുന്നതിനും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതായിരുന്നു ക്യാമ്പ്.