Blog

വർഗീയതയ്ക്കും കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണം: പി. ജയരാജൻ

ഈരാറ്റുപേട്ട: വർഗീയ രാഷ്ട്രീയത്തിനും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കുമായി രാജ്യത്തിന്റെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം ശക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയതയ്ക്ക് പ്രോത്സാഹനം നൽകുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജനങ്ങൾ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂനപക്ഷ താൽപ്പര്യങ്ങളും വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാമർശിച്ച അദ്ദേഹം, രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ വിമർശിച്ചു. കേരളത്തിലെ ചില ജാതി സംഘടനകൾ ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തിന് പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവംബർ 5 മുതൽ തിരുനക്കര മൈതാനിയിൽ ചിത്ര-ചരിത്ര പ്രദർശനം, പുസ്തകമേള, ചലച്ചിത്ര പ്രദർശനം, കലാപരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. നവംബർ 6ന് അലോഷിയുടെ ഗസൽ സന്ധ്യയും 7ന് വൈകിട്ട് ആറിന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്ററിന്റെ ‘മിസ’ എന്ന നാടകവും അരങ്ങേറും. നവംബർ 9ന് ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന മഹാറാലിയും നടക്കും.

സംഘാടക സമിതി ചെയർമാനും സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറിയുമായ ടി.എസ്. സിജു അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ അനിൽകുമാർ, വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ്‌, ജില്ലാ ജോയിന്റ് സെക്രട്ടറി ജോയ് ജോർജ്, സി.പി.എം ജില്ലാ കമ്മറ്റി അംഗം രമ മോഹൻ, സിഐടിയു പൂഞ്ഞാർ ഏരിയ സെക്രട്ടറി രമേഷ് ബി. വെട്ടിമറ്റം, ഏരിയ പ്രസിഡന്റ് പി.എ. ഷെമിർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *