kottayam

ഭരണഭാഷയ്ക്ക് സാധാരണക്കാരോട് സംവദിക്കാനാകണം : ഡോ. ആര്‍. ശിവകുമാര്‍

കോട്ടയം : സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാന്‍ ഭരണഭാഷയ്ക്ക് കഴിയണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍ പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഭരണഭാഷ; തത്വവും പ്രയോഗവും എന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക കത്തിടപാടുകളിലും മറ്റു രേഖകളിലും എല്ലാവര്‍ക്കും മനസിലാകുന്ന ലളിതവും കൃത്യവുമായ മലയാള ഭാഷ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. തുടര്‍ച്ചയായ ഉപയോഗംവഴി പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവയില്‍ പലതും ഇപ്പോഴും ഫയലുകളില്‍ ഉപയോഗിച്ചുവരുന്നു. അതുകൊണ്ടുതന്നെ ഭരണഭാഷയിലെ കാലോചിത പരിഷ്കാരങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. ബിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്,ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ പി.കെ. സുധീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *