പൂഞ്ഞാർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ദേശീയ ഐക്യദിനവും കേരളപ്പിറവിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കോളേജിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് നമ്പർ 73, 99 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഒക്ടോബർ 31-ലെ സർദാർ വല്ലഭായ് പട്ടേൽ ജന്മദിനത്തോടനുബന്ധിച്ചുള്ള ദേശീയ ഐക്യദിനവും നവംബർ 1 ലെ കേരളപ്പിറവി ദിനവും ആചരിച്ചത്.
വിദ്യാർത്ഥികൾ എൻ.എസ്.എസ് ഗീതം ആലപിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ് അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. ആനി ജൂലി ജോസഫ് ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അൽസഹീർ എസ്. എസ് ചടങ്ങിൽ ദിനാചരണങ്ങളുടെ പ്രസക്തിയെക്കുറിച്ച് സന്ദേശം നൽകി. കോളേജ് സെനറ്റ് മെയിൻ കോർഡിനേറ്ററും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ രാജേഷ് കെ. ആർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും പ്ലേസ്മെന്റ് സെൽ കോർഡിനേറ്ററുമായ ഫ്ലവർ എബ്രഹാം, എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മാർട്ടിൻ ജെയിംസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടികളുടെ മുഖ്യ ഏകോപനവും അവതരണവും നിർവഹിച്ച കൃപാ മാത്യുവിനൊപ്പം അധ്യാപകരായ ജിൻസ് ജോസ്, മഹേഷ് കൃഷ്ണൻ എസ്., മുഹമ്മദ് യാസീൻ, മീനു എം. വേണു, ജ്യോതിലക്ഷ്മി കെ. എസ്., രേവതി എം. കുമാർ, ആര്യ എസ്. നായർ, സോന ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളുമാണ് കോളേജിൽ അരങ്ങേറിയത്. ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുനൽകി ഒന്നാം വർഷ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ‘ജിഗ്സോ പസിൽ’ (Jigsaw Puzzle) മത്സരവും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മലയാളം കേട്ടെഴുത്ത് മത്സരവും ശ്രദ്ധയാകർഷിച്ചു.
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന വിഷയത്തിൽ തനത് മലയാളത്തിൽ മാത്രം സംസാരിക്കുന്ന പ്രസംഗ മത്സരത്തിൽ നർമ്മവും ചിന്തയും നിറഞ്ഞ അവതരണങ്ങളുമായി വിദ്യാർത്ഥികൾ മാറ്റുരച്ചു. തുടർന്ന് സമകാലിക പ്രസക്തിയുള്ള വിഷയത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച സംവാദം (Debate) ഏറെ ചർച്ചയായി.
‘പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുമ്പോൾ, അവർക്ക് നിയമപരമായി ലഭിക്കുന്ന പരിരക്ഷകളും മാധ്യമങ്ങളിൽ പേരോ ചിത്രമോ പ്രസിദ്ധീകരിക്കാത്തതുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ശരിയോ തെറ്റോ?’ എന്ന വിഷയത്തിലായിരുന്നു സംവാദം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറർ കൃഷ്ണാനന്ദ് സംവാദത്തിന് മോഡറേറ്ററായി നേതൃത്വം നൽകി.
വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.





