general

ബാലപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി സൂപ്പർ കസിൻസുകളായ ആദ്യ ഡി. നായരും ആദിത്യൻ സുരേന്ദ്രനും

നീന്തൽരംഗത്ത് അസാധാരണ നേട്ടങ്ങൾ കൈവരിച്ച് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കോതമംഗലം സ്വദേശികളായ ആദ്യ ഡി. നായരും ആദിത്യൻ സുരേന്ദ്രനും ബാലപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി മോൻസ് ജോസഫിൽനിന്നാണ് ഇരുവരും പുരസ്കാരം സ്വീകരിച്ചത്. തിരുവനന്തപുരത്തെ മ്യൂസിയം ഹാളിൽ നടന്ന വർണാഭമായ ചടങ്ങിലായിരുന്നു പുരസ്കാരവിതരണം.

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 വിദ്യാർഥി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

2024 ഒക്ടോബർ 12-ന് വേമ്പനാട്ടുകായലിൽ ഏഴ് കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ആദ്യ ഡി. നായർ. കോതമംഗലം ബ്രൈറ്റ് വേൾഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ആദ്യ നീന്തൽരംഗത്തെ മികവിലൂടെയാണ് ബാലപ്രതിഭ പുരസ്കാരത്തിന് അർഹയായത്.

2025 മാർച്ച് 8-ന് ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടുകായലിൽ 11 കിലോമീറ്റർ നീന്തിയാണ് ആദിത്യൻ സുരേന്ദ്രൻ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആദിത്യൻ. വെല്ലുവിളി നിറഞ്ഞ നീന്തൽ നേട്ടത്തിലൂടെ ശ്രദ്ധേയനായ ആദിത്യനും ബാലപ്രതിഭ പുരസ്കാരം ലഭിച്ചു.

ആദ്യയും ആദിത്യനും സഹോദരങ്ങളുടെ മക്കളാണ്. ചെറുപ്രായത്തിൽത്തന്നെ നീന്തൽരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇരുവരുടെയും വിജയം നാടിന് അഭിമാനമായി.

ശ്രീ പൂവച്ചാൽ സുധീർ, അഡ്വ. ഐ.ബി. സതീഷ്, കെ. പ്രേമൻ എം.എൽ.എ., കരമന അജിത്ത്, ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ്, രമ്യ ഹരിദാസ് എം എൽ എ. തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മന്ത്രി മോൻസ് ജോസഫ് പുരസ്കാരങ്ങൾ നൽകി കുട്ടികളെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *