കോട്ടയം എറണാകുളം പാതയിലെ അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രിക്ക് നിരവധി തവണ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ എല്ലാം ഉടൻ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് . ഇത് പാലിക്കാൻ തയ്യാറാകാത്തത് പ്രതിക്ഷേധാർഹമാണ്.
ഉച്ചക്ക് ശേഷം എറണാകുളം കോട്ടയം പാതയിലെ അനിയന്ത്രിതമായ തിരക്കിന് പരിഹാരം കാണാൻ പുതിയ മെമ്മു സർവ്വീസ് അനുവദിച്ചാലെ സാധിക്കുകയുള്ളു. പാലക്കാട് – എറണാകുളം മെമ്മു , ബംഗളുരു -എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് , എറണാകുളം – പുനെ എക്സ്പ്രസ്, ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് എന്നീ ട്രയിനുകൾകോട്ടയം വരെ ദീർഘിപ്പിക്കുന്ന കാര്യത്തിലും റയിൽവേ കുറ്റകരമായ അനാസ്ഥ കാട്ടുകയാണന്ന് അദ്ദേഹം പറഞ്ഞു.
ചിങ്ങവനത്തിനും എറണാകുളത്തിനും ഇടയിലുള്ള സ്റ്റേഷനുകളിൽ വിവിധ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും റയിൽവേ നൽകിയ ഉറപ്പുകൾ പാലിച്ചില്ല. റയിൽവേ മന്ത്രിയുമായുളള കൂടികാഴ്ചയിൽ താൻ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സതേൺ റയിൽവേ മാനേജർ എത്തുമെന്ന് അറിയിച്ചെങ്കിലും അത് ഇത് വരെ ഉണ്ടായില്ല. ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതിന് മുമ്പായി പ്രശ്നങ്ങൾ പരിഹരിക്കാൻ റയിൽവേ തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.





