pala

ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ; എ.ഐ. ഫോട്ടോ–വീഡിയോ മത്സരവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘ഗാന്ധിയോടൊപ്പം’എന്ന പേരിൽ എ.ഐ. അധിഷ്ഠിത ഫോട്ടോ–വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജിക്കൊപ്പം തങ്ങളും ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരുന്നുവെന്ന സങ്കൽപത്തെ ആസ്പദമാക്കി എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും ഹ്രസ്വവീഡിയോകളും ഒരുക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

സ്വാതന്ത്ര്യസമര ചരിത്രവും മഹാത്മാഗാന്ധിയുടെ ജീവിതവും ഗാന്ധിയൻ ആശയങ്ങളും പുതുതലമുറയ്ക്ക് കൂടുതൽ അടുത്തറിയാനും ആധുനിക സാങ്കേതികവിദ്യയിലൂടെ ചരിത്രത്തെ ക്രിയാത്മകമായി അവതരിപ്പിക്കാനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

‘ഗാന്ധിയോടൊപ്പം’എന്ന ആശയത്തിലൂടെ ചരിത്രത്തെ സങ്കൽപിക്കാനും സ്വാതന്ത്ര്യസമരത്തിന്റെ ഓർമകളെ പുതിയ തലമുറയുടെ സൃഷ്ടിപരമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

സ്കൂൾ, കോളജ്, ജനറൽ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും മികച്ച എ.ഐ. ഫോട്ടോയും എ.ഐ. വീഡിയോയും തിരഞ്ഞെടുക്കും. മികച്ച സൃഷ്ടികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളുടെ ദൈർഘ്യം 10 സെക്കൻഡിൽ കവിയാൻ പാടില്ല. ഒരാൾക്ക് പരമാവധി മൂന്ന് എണ്ണം വീതം അയയ്ക്കാം.

മത്സരത്തിനുള്ള ഫോട്ടോകളും വീഡിയോകളും ഒക്ടോബർ 1ന് രാത്രി 8നകം +918848354369 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കണം. എൻട്രികൾ അയയ്ക്കുമ്പോൾ മത്സരാർത്ഥിയുടെ പേര്, വിഭാഗം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവയും നൽകണം

Leave a Reply

Your email address will not be published. Required fields are marked *