crime

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്.

ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.

കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ടൽ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു. കോടികൾ വിലയുള്ള വാർത്തയെന്നു പറഞ്ഞാണ് അവർ സമീപിച്ചത്. വാർത്ത നൽകാൻ ഉദ്ദേശിച്ചാണ് അവർ എത്തിയതെങ്കിലും ആധികാരികത ബോധ്യപ്പെടാത്തതിനെത്തുടർന്ന് വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആ വേദിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *