kottayam

കേടായ യന്ത്രവാൾ തിരിച്ചെടുത്തെങ്കിലും സർവീസ് ചാർജ് മടക്കിനൽകിയില്ല; ആമസോണിന് പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിംഗ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ ആണ് പരാതിക്കാരൻ. 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നൽകി യന്ത്രവാൾ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാൾ ഉപയോഗശൂന്യവുമായിരുന്നു. ഇതു തിരികെ നൽകിയപ്പോൾ 9044.15 രൂപ റീഫണ്ട് ലഭിച്ചു. എന്നാൽ ഓഫർ പ്രോസസിംഗ് ഫീ ആയി ഈടാക്കിയ 44.59 രൂപ കിട്ടിയില്ല.

ഈ തുക ആവശ്യപ്പെട്ടു പലതവണ കമ്പനിയെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കമ്മിഷനിൽ പരാതി നൽകിയത്. ആമസോണിനെ ഒന്നും ഉൽപന്ന നിർമാതാക്കളായ ഷാർപെക്സ് എൻജിനീയറിങ് വർക്സിനെ രണ്ടും എതിർകക്ഷിയാക്കിയായിരുന്നു പരാതി.

ഉൽപന്നത്തിന്റെ പണം തിരിച്ചുനൽകിയെന്നും വിസ ഡെബിറ്റ് കാർഡ് ഓഫർ നൽകിയത് ആമസോൺ ആണെന്നും ഇതിന്റെ സർവീസ് ചാർജ് ഈടാക്കിയതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും രണ്ടാം കക്ഷിയായ നിർമാതാക്കൾ കമ്മിഷനെ ബോധിപ്പിച്ചിരുന്നു.

ഇടപാട് തന്നെ റദ്ദായിട്ടും വാങ്ങിയ തുകയിലൊരു ഭാഗം തടഞ്ഞുവെച്ചത് ന്യായമല്ലാത്ത വ്യാപാരരീതിയും സേവന ന്യൂനതയുമാണെന്ന് കമ്മീഷൻ കണ്ടെത്തി. 44.59 രൂപ തിരിച്ചുനൽകുന്നതിനു പുറമേ പരാതിക്കാരന്റെ മാനസിക ബുദ്ധിമുട്ടുകൾക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാൻ കമ്മീഷൻ പ്രസിഡന്റ് വി.എസ്. മനുലാൽ, മെമ്പർ അഡ്വ. ബിന്ദു ആർ. എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *