കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിന് തുടക്കമായി. ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്ത സുശീലാമ്മ കുറ്റിക്കാട്ട് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമായി.
ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് അധ്യക്ഷത വഹിച്ചു.
അമ്പത് വർഷമായി സംഘടനാരംഗത്ത് സജീവ സാന്നിധ്യമായ ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം ശശിധരൻ പാറടിയിലിനെ ചടങ്ങിൽ ആദരിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, നിഷാ സാനു, ആനിയമ്മ സണ്ണി, ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ., ശാഖാ വൈസ് പ്രസിഡന്റ് എ.ആർ. മോഹനൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതിയംഗം ജാൻസ് വയലിക്കുന്നേൽ, കോൺഗ്രസ് ഡി.സി.സി അംഗം ജോർജ് സെബാസ്റ്റ്യൻ പുളിക്കകുന്നേൽ, ശാഖാ സൈബർ സേനാ ചെയർമാൻ രാജേഷ് അമ്പഴത്തിനാൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന മേട ചതയ മഹോത്സവത്തിന്റെ സ്റ്റേജ് പ്രോഗ്രാം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർപേഴ്സണുമായ മിനർവ്വ മോഹൻ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 7ന് ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും. വൈകുന്നേരം 5.30ന് തങ്കച്ചൻ അമ്പഴത്തിനാൽകുന്നേലിന്റെ ഭവനാങ്കണത്തിൽ താലംപൂജ നടക്കും. തുടർന്ന് 6ന് താലപ്പൊലി ഘോഷയാത്ര പുറപ്പെടും. ചെണ്ടമേളം, എൽ.ഇ.ഡി അമ്മൻകുടം, പമ്പാമേളം, മയൂരനൃത്തം, കൈകൊട്ടിക്കളി, പൂക്കാവടി, ലൈറ്റ് ഷോ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയ്ക്ക് കുന്നോന്നി ടൗണിൽ സ്വീകരണം നൽകും.
രാത്രി 7.45ന് താലം അഭിഷേകം, ദീപാരാധന, പൂമൂടൽ, പുഷ്പാഭിഷേകം എന്നിവ നടക്കും. 8ന് മഹാപ്രസാദമൂട്ട്, 8.15ന് മയൂരനൃത്തം, 8.45ന് നാടോടി നൃത്തം, 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും.





