KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രിയദർശിനി പദ്ധതിയെ കാണുന്നത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യം ആയിട്ടല്ല. കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക – സാമ്പത്തിക മേഖലയിൽ പ്രതിഫലനം ഉണ്ടാകും.
പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള് ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും.
നല്കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയം.
സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു മാസം തികയുന്നത് 18നാണ്. ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷത്തിലാണ് താൻ അടക്കമുള്ളവർ. 800 കോടി പ്രതി വർഷം സർക്കാർ കൊടുക്കുകയാണ് പദ്ധതിക്കായി.ഗതാഗത മന്ത്രിയിൽ വലിയ ആത്മവിശ്വാസമുണ്ട്. കാരണം കുറച്ചുനാൾ കഴിയുമ്പോൾ KSRTC വരുമാനം വർധിപ്പിക്കും.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിൽ സ്വകാര്യ ബസ്സുകൾക്ക് ആശങ്ക വേണ്ട, കാരണം KSRTC ഓർഡിനറി ബസ്സുകൾ ഇല്ലാത്ത സ്ഥലത്തു സ്വകാര്യ ബസ്സുകളും ഈ പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.





