കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്.
പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി.
ഇവിടെ ചിത്രപൗർണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്.





