പാലാ : പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ച എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ ഭാവി വികസന കാഴ്ചപ്പാടുകളും ഇതിനകം നടപ്പാക്കിയ പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുത്തിയുള്ള വികസനരേഖ പ്രകാശനം ചെയ്തു.
പാലാ മണ്ഡലത്തിന്റെയും മീനച്ചിൽ താലൂക്കിന്റെയും സമഗ്ര വികസനം മുന്നിൽ കണ്ട് വിഭാവനം ചെയ്‌തിട്ടുള്ള രൂപരേഖയിൽ ‘വിശാല മീനച്ചിൽ വികസന അതോറിറ്റി’ രൂപീകരണം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്.
“ഉയിർപ്പ് കാത്ത് പാലാ….’ എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള രൂപരേഖ എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രകാശനം ചെയ്‌തു. ജില്ലയുടെ ജീവനാഡിയായ മീനച്ചിലാറും വൃഷ്‌ടി പ്രദേശങ്ങളും 1500 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയലുള്ള നദീതടവും ഉൾപ്പെടുത്തിയാണ് വിശാല മീനച്ചിൽ വികസന അതോറിറ്റി വിഭാവനം ചെയ്‌തിരിക്കുന്നത്.
കൃഷിയും കൃഷിയധിഷ്‌ടിത വ്യവസായങ്ങളും ഹരിത വ്യവസായ ഇടനാഴി, വിനോദ സഞ്ചാര മേഖലയുടെ വികസനം, ഇവയ്‌ക്കനുയോജ്യമായ ലോകോത്തര അടിസ്ഥാന സൗകര്യ വികസനം, മീനച്ചിൽ നദിയും നതീതടത്തിന്റേയും സംരംക്ഷണം ഇവയെല്ലാം ഉൾപ്പെടുത്തിയാണ് വികസന രേഖ.
കൂടാതെ അസാധ്യമെന്ന് കരുതിയവയെല്ലാം സാധ്യമാക്കിയ എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളും ഇവയിലൂടെ പാലായ്‌ക്ക് കൈവരിക്കാനായ നേട്ടങ്ങൾ, വികസന വഴികളിൽ ജോസ് കെ മാണിയുടെ ഇടപെടൽ, ജോസ് കെ മാണിയുടെ വികസന കാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കുന്ന അഭിമുഖം എന്നിവയും ഉൾപ്പെടുത്തിയിട്ടുള്ള രൂപരേഖ മുഴുവൻ കുടുംബങ്ങളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
അര നൂറ്റാണ്ടിലേറെ പാലായെ പ്രതിനിധീകരിച്ച കെ എം മാണിയിലൂടെ നമ്മുടെ നാട് കൈവരിച്ച വികസന നേട്ടങ്ങളും ജോസ് കെ മാണി എംപി പാലായിൽ നടപ്പാക്കിയ വികസന പദ്ധതികളും വിശദമാക്കുന്ന രേഖയിൽ വികസന രംഗത്ത് നിലവിൽ നേരിടുന്ന സ്‌തംഭനാവസ്ഥയും വിശദമാക്കുന്നുണ്ട്. കെ എം മാണിയുടെ കാലത്ത് ആരംഭിച്ച നിർമ്മാണ പദ്ധതികളോടുള്ള നിലവിലെ എംഎൽഎയുടെ അവഗണനയും രേഖയിൽ വിശദീകരിക്കുന്നു.
പാലാ കെഎസ്ആർടിസി കോംപ്ലക്‌സ്, സ്റ്റേഡിയം ഗ്യാലറി, ടൗൺ അമിനിറ്റി സെന്റർ, റിവർ വ്യൂ റോഡ്, പാലാ ബൈപ്പാസ് മരിയൻ ജംഗ്ഷൻ വികസനം, നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്‌സ് എന്നിവയോടുള്ള അവഗണനയും ഇല്ലിക്കൽക്കല്ല്, ഇഴവീഴാപൂഞ്ചിറ, അയ്യമ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സാധ്യതകൾക്ക് അനുയോജ്യമായ പദ്ധതികളുടെ അവഭാവവും രേഖയിൽ വിശദീകരിക്കുന്നു.
വികസന കാര്യത്തിൽ എംഎൽഎ പരാജയപ്പെട്ടിടത്ത് ജോസ് കെ മാണി വിജയകരമായ ഇടപെടലുകളും എംപി എന്ന നിലയിൽ കോട്ടയത്തിന്റെയും പാലായുടെയും വികസനത്തിനായി നടപ്പാക്കിയ പദ്ധതികളുടെയും താരതമ്യവും രേഖയിലുണ്ട്. ട്രിപ്പിൾ ഐടിയിലൂടെ വലവൂർ എന്ന ഗ്രാമത്തെ രാജ്യത്തോളം വളർത്തിയ നേട്ടവും ആധുനിക റോഡുകൾ, പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജി ബ്ലോക്ക്, കടവുപുഴ പാലം യാഥാർത്ഥ്യമാക്കാൻ നടത്തിയ ഇടപെടലുകൾ, ആർജിസിബി ലാബ്, പുലിയന്നൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് ഇവയെല്ലാം രേഖയുടെ ഭാഗമായുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അനൂപ് ജോർജ്, വ്യാപാരി വ്യവസായി യൂത്ത് വിംഗ് ഭാരവാഹികളായ എബിസൺ ജോസ്, അമൽ ബ്രൈറ്റ്, നവീൻ തെരുവിൽ എന്നിവർക്ക് രേഖ കൈമാറിയായിരുന്നു പ്രകാശനം. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, അഡ്വ. ജോസ് ടോം, സജേഷ് ശശി, ടോബിൻ കെ അലക്സ്, പി കെ ഷാജകുമാർ എന്നിവർ പങ്കെടുത്തു.





