കോട്ടയം റയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിൽ നിന്ന് പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിലൂടെ രണ്ട് മൂന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന യാത്രക്കാർ മഴ നനയുന്നത് ഒഴിവാക്കുന്നതിനായുള്ള മേൽക്കൂരയുടെ നിർമ്മാണം ആരംഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
വിവിധ പ്ലാറ്റ് ഫോമുകളിൽ മേൽക്കൂര ഇല്ലാഞ്ഞ സ്ഥലങ്ങളിൽ പൂർണ്ണമായും മേൽക്കൂര നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഉടനെ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും. ഇത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി.റയിൽവേ ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല തീർത്ഥാടകൾക്ക് വിശ്രമിക്കാനുള്ള പിൽഗ്രിം സെന്ററിന്റെ മുൻ വശത്തെ കോൺക്രീറ്റിങ്ങ്, പ്രധാന കവാടത്തിന് സമീപത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉടൻ പൂർത്തിയാക്കും. റ്റിക്കറ്റ് കൗണ്ടറിലെ അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിനായി കൊമ്മേഷ്യൽ വിഭാഗത്തിൽ 2 പേരെ പുതുതായി നിയമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി 16-11-2026 (തിങ്കൾ) രാവിലെ 10 മണിക്ക് ഫ്രാൻസിസ് ജോർജ് എം.പി.കോട്ടയം റയിൽവേ സ്റ്റേഷൻ സന്ദർശിക്കും.





