ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു.
ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.
കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ,മുൻസിപ്പൽ കൗൺസിലർമാരായ റസ്ന ഹസീര്, ബീമാ സജീർ, റാസി കെ.ഇ, ബീമാ നാസർ എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ സെബാസ്റ്റ്യൻ പുല്ലാട്ട് , പിപിഎം നൗഷാദ്, ഡോ. ആൻസി ജോസഫ്, ബിനോയ് സി. ജോർജ്, അലൻ വാണിയപുര, ഡേവിസ് പാമ്പ്ലാനി, പി.എസ്.എം റംലി തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക,സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനയാണ് എംഎൽഎ സർവീസ് ആർമി.
വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം കൈവരിക്കുന്ന വിവിധ പ്രവർത്തനങ്ങളുമായി ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, നിർധനരായ കിടപ്പുരോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതി, അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പൂഞ്ഞാർ ജോബ്സ് ഓൺലൈൻ പോർട്ടൽ, കാർഷിക രംഗത്തെ നൂതന ആശയങ്ങൾ കർഷകർക്കായി പരിചയപ്പെടുത്തുന്നതും, അതുവഴി കാർഷിക രംഗത്തിന് ഉണർവ് പകരുന്നതും ലക്ഷ്യമാക്കി ഫല സമൃദ്ധി പദ്ധതി, വിദ്യാഭ്യാസ-ചികിത്സാ ധനസഹായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കൈത്താങ്ങ് എന്നീ പദ്ധതികളോടൊപ്പമാണ് കാരുണ്യ ഭവന നിർമ്മാണ പദ്ധതിയും നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രകാരം കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ ആകെ 14 വീടുകൾ ഇതിനോടകം നിർമ്മിച്ച് താക്കോൽ കൈമാറി കഴിഞ്ഞു. രണ്ടാം ഘട്ടമായി ഇപ്പോൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 വീടുകളുടെ നിർമാണം നടന്നുവരികയാണ്. ഇതിൽ ആദ്യം പൂർത്തീകരിച്ചതാണ് കടുവാമൂഴിയിൽ നിർമ്മിച്ച വീട്.
വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ഉദാരമനസ്കാരായ വ്യക്തികളുടെ സഹകരണത്താലുമാണ് ഇത്തരം സേവന-സന്നദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.





