kottayam

ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: സമൂഹത്തിൽ ലഹരിക്കെതിരായ മാനസികാവസ്ഥ വളർത്തുന്നതിനുള്ള ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം ബസേലിയോസ് കോളജിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വിപത്തിനെ നിസാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണം. കുട്ടികൾ പോലും പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപനയെ കാണുമ്പോൾ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വളർന്നുവരുന്ന തലമുറയെ തകർക്കുന്ന വിപത്താണ് ലഹരി-സ്പീക്കർ പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ ജീവനക്കാർക്ക് മെമന്റോ സമ്മാനിച്ച അദ്ദേഹം ആരോഗ്യവകുപ്പ് തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററിന്റെ പ്രകാശനവും നിർവ്വഹിച്ചു.

നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി പ്രഖ്യാപിച്ച ആദ്യ നൂറു സ്‌കൂളുകൾക്ക് ഡെപ്യൂട്ടി കളക്ടർ സജിത് നാസർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബസേലിയസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എം.വി. കൃഷ്ണരാജ് പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ടുബാക്കോ കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. സി.ജെ. സിത്താര, കെ. അനിൽകുമാർ, ടി.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിന് കേരളാ വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി നേതൃത്വം നൽകി. മേയ് 31നാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോക പുകയിലവിരുദ്ധദിനം ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *