general

എക്സാലോജിക് കേസ്: വീണ ചോദ്യം ചെയ്യലിന് ഇ.ഡി ഓഫിസിലെത്തി

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി. വീണയെ ഇ.ഡി വിശദമായി ചോദ്യം ചെയ്യും.

ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിൽ ഒരുക്കിയിരിക്കുന്നത്.

സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്നു 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്.

ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ‍ വരുമെന്നാണ് ഇ.ഡിയുടെ വാദം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.

ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യംചെയ്യൽ നടപടിയിലേക്കു കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *