obituary

പൂഞ്ഞാറിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ നിറസാന്നിധ്യം വി. ഐ. പുരുഷോത്തമൻ അന്തരിച്ചു

പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, സഹകാരി എന്നീ നിലകളിൽ പൂഞ്ഞാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

1929 ഡിസംബർ 24ന് പ്രസിദ്ധ ഭിഷഗ്വരൻ ഇട്ടുണ്ടാൻ വൈദ്യരുടെയും കുഞ്ചിയമ്മയുടെയും മകനായി പൂഞ്ഞാറിലെ വാലാനിക്കൽ തറവാട്ടിൽ ജനിച്ചു. പൂഞ്ഞാർ എസ്.എം.വി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ്, തിരുവനന്തപുരം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി. പൊൻകുന്നത്ത് ഒരുവർഷത്തോളം അധ്യാപകനായി ജോലി ചെയ്തശേഷം മാതൃവിദ്യാലയമായ പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി. വിരമിക്കുന്നതുവരെ അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം അവസാന 14 വർഷം ഹെഡ്മാസ്റ്ററായിരുന്നു.

സ്വാതന്ത്ര്യസമരത്തിൽ പൂഞ്ഞാറിന്റെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന പുരുഷോത്തമൻ സമരരംഗത്തും സജീവമായിരുന്നു. 1946 ഓഗസ്റ്റ് 17ന് പൂഞ്ഞാറിൽനിന്ന് പാലായിലേക്ക് പുറപ്പെട്ട പട്ടിണിജാഥയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളിൽ ഒരാളായിരുന്നു. 1947 ഓഗസ്റ്റ് ഒന്നിന് സ്റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം പൂഞ്ഞാർ പനച്ചിപ്പാറ സബ് രജിസ്ട്രാർ ഓഫീസിന്റെയും സർക്കാർ ആശുപത്രിയുടെയും ചുവരുകളിൽ മുദ്രാവാക്യങ്ങൾ എഴുതിയതും ഇദ്ദേഹമായിരുന്നു.

1946ൽ പൂഞ്ഞാറിൽ വൈ.എം.എ. ലൈബ്രറി സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, പി.ടി. പുന്നൂസ്, മുണ്ടശ്ശേരി, സഖാവ് സുഗതൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും തകഴി, എം.പി. പോൾ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയ സാഹിത്യകാരന്മാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. വി.എസ്. അച്യുതാനന്ദൻ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിട്ടുമുണ്ട്.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 16 വർഷം പ്രവർത്തിച്ചു. ഈ കാലഘട്ടം ബാങ്കിന്റെ സുവർണകാലമായിരുന്നു. വായനയിലും പ്രസംഗത്തിലും മികവ് പുലർത്തിയിരുന്ന അദ്ദേഹം അപാരമായ ഓർമശക്തിയുടെ ഉടമയുമായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു വി. ഐ. പുരുഷോത്തമൻ. അദ്ദേഹത്തിന്റെ വിയോഗം പൂഞ്ഞാറിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്.

ഭാര്യ: പരേതയായ ഉഷ പുരുഷോത്തമൻ (ആലപ്പുഴ തൈയ്യിൽ കുടുംബാംഗം). മക്കൾ: ഡോ. ദീപ പുരുഷോത്തമൻ, ദിലീപ് കുമാർ (ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ്, പൂഞ്ഞാർ), ദിവ്യ. മരുമക്കൾ: പരേതനായ വിനോദ് മാടായിൽ (കോഴിക്കോട്), ആര്യ നീലിയാനിക്കുന്നേൽ (തൊടുപുഴ മഞ്ചിക്കല്ല്), ദീപു കൃഷ്ണഭവൻ (കരുനാഗപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *