പ്രശസ്ത സിനിമാ താരം സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ അവശതകളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. അവശതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ആശുപത്രിയിലെത്തി അല്‍പസമയത്തിനകം തന്നെ അവശത കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
അസുഖ ബാധിതനായിരുന്നു എങ്കിലും അടുത്തിടെ വരെ ചില പൊതു പരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ വി.ഡി. സതീശനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചിരുന്നു.
ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് സലിം കുമാര്‍. മിമിക്രിയിലൂടെയാണ് സിനിമാ പ്രവേശം. എന്നാല്‍ കോമഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അഭിനയ പ്രതിഭ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ആ പ്രതിഭയുടെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.
സ്വതസിദ്ധമായ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ ഒരു പോലെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്കാണ് സലിം കുമാര്‍ ജീവന്‍ പകര്‍ന്നത്.
ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാര്‍.
സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിലെ വൃദ്ധനായ അത്തര്‍ വില്‍പ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.
അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാര്‍ പ്രതിഭ തെളിയിച്ചു. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
‘കമ്പാര്‍ട്ട്മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാര്‍ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരില്‍ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു. സുനിതയാണ് ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.





