poonjar

പൂഞ്ഞാറിന്റെ മണ്ണിൽ ഒളിച്ചിരുന്ന വിപ്ലവചരിത്രം; വി.എസിനെ കാത്ത വാലാനിക്കൽ തറവാട്

പൂഞ്ഞാർ: ഇന്ന് വി.എസ്. അച്യുതാനന്ദൻ എന്ന പേര് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു അധ്യായമാണ്. എന്നാൽ ആ ചരിത്രത്തിലെ ചില നിർണായക താളുകൾ എഴുതപ്പെട്ടത് അധികാരത്തിന്റെ ഇടനാഴികളിലല്ല; പൂഞ്ഞാറിന്റെ മലനാടൻ മണ്ണിലെ ഒളിത്താവളങ്ങളിലായിരുന്നു.

പോലീസിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ഒരു യുവ വിപ്ലവകാരി അഭയം തേടിയ കാലത്തിന്റെ ഓർമകൾ ഇന്നും പൂഞ്ഞാറിലെ ചില തറവാടുകൾ സൂക്ഷിക്കുന്നു. 1946-ലെ പുന്നപ്ര–വയലാർ സമരത്തിനു പിന്നാലെ തിരുവിതാംകൂറിൽ പോലീസ് വേട്ട ശക്തമായ കാലം. സമരനായകരെ തേടി പോലീസ് വീടുകൾ കയറിയിറങ്ങിയപ്പോൾ വി.എസ്. അച്യുതാനന്ദനും ഒളിവിലായി.

പാർട്ടി ബന്ധങ്ങളിലൂടെ കോട്ടയത്തെത്തിയ വി.എസ്. പിന്നീട് പൂഞ്ഞാറിലേക്ക് തിരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഈ മലയോര പ്രദേശം അദ്ദേഹത്തിന് സുരക്ഷിതമായ അഭയകേന്ദ്രമായി.

വാലാനിക്കൽ വീട്ടിലെ ഇട്ടിണ്ടാൻ വൈദ്യന്റെ തറവാടായിരുന്നു വി.എസിന്റെ പ്രധാന താവളങ്ങളിലൊന്ന്. വൈദ്യനും ഭാര്യ ദേവകിയും ചേർന്ന് വി.എസിന് അഭയം നൽകി. വീട്ടിൽ പരിചയമില്ലാത്ത ഒരാൾ താമസിക്കുന്നുവെന്ന വിവരം പുറത്തറിയാതിരിക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു താമസം. റോഡിൽനിന്ന് ഏറെ താഴ്ന്ന് സ്ഥിതി ചെയ്തിരുന്ന തറവാട്ടുവീട്ടിലെ ഒരു മുറി അന്ന് ചരിത്രത്തിന്റെ രഹസ്യകേന്ദ്രമായി മാറി.

പകൽ സമയങ്ങളിൽ വായനയിലും എഴുത്തിലും മുഴുകിയായിരുന്നു വി.എസിന്റെ ജീവിതം. വീട്ടിലെത്തുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു പതിവ്. എന്നാൽ വൈദ്യന്റെ വീട്ടിലെ രോഗികളുടെ തിരക്ക് വർധിച്ചതോടെ കൂടുതൽ സുരക്ഷിതമായ മറ്റൊരു താവളം തേടേണ്ടിവന്നു.

തുടർന്ന് സമീപത്തെ കരിമാലിയിൽ കുഞ്ഞുപെണ്ണിന്റെ വീട്ടിലേക്ക് വി.എസ്. താമസം മാറ്റി. അവിടെ ‘അമ്മാവൻ’ എന്ന പേരിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. വീട്ടിലെത്തുന്ന കുട്ടികൾക്കും അയൽവാസികൾക്കും ആ അപരിചിതനായ വ്യക്തി ആരാണെന്ന് അറിയില്ലായിരുന്നു. വർഷങ്ങൾക്കുശേഷമാണ് അന്ന് ഇരുട്ടിന്റെ മറവിൽ മാത്രം പുറത്തുകണ്ടിരുന്ന ആ ‘അമ്മാവൻ’ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനാണെന്ന് അവർ തിരിച്ചറിഞ്ഞത്.

ഒളിവുജീവിതത്തിനിടയിലും വി.എസ്. വായനയും എഴുത്തും തുടർന്നു. പുലർച്ചെ സമീപത്തെ മൂവേലി തോട്ടിൽ കുളിക്കാനിറങ്ങുന്നതായിരുന്നു പതിവ്. എന്നാൽ ഒടുവിൽ ആ പതിവ് തന്നെയാണ് ഒളിവുജീവിതത്തിന് തിരിച്ചടിയായത്.

ഒറ്റുകാരുടെ സഹായത്തോടെ പോലീസ് വി.എസിന്റെ സാന്നിധ്യം മനസ്സിലാക്കി. മൂവേലി തോട്ടിൽ കുളിക്കാനിറങ്ങിയ സമയത്ത് പോലീസ് വളഞ്ഞാണ് അദ്ദേഹത്തെ പിടികൂടിയത്. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് പാലാ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. അവിടെ നേരിട്ട ക്രൂരമായ മർദനം വി.എസിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വി.എസിനെ മരിച്ചെന്ന് കരുതി പോലീസ് ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചുവെന്നാണ് പഴയകാല ഓർമകൾ. പിന്നീട് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ചികിത്സ നൽകി. ദിവസങ്ങളോളം അബോധാവസ്ഥയിൽ കഴിഞ്ഞ അദ്ദേഹം എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയപ്പോഴും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് മർദിച്ചതായി ചരിത്രവിവരങ്ങൾ പറയുന്നു. ഒടുവിൽ ജയിലിലേക്കായിരുന്നു യാത്ര.

എന്നാൽ ആ മർദനവും തടവറയും ആ യുവാവിന്റെ പോരാട്ടവീര്യം തകർത്തില്ല. കാലം കടന്നു. ഒളിവിൽ കഴിഞ്ഞ യുവാവ് പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരിക്കൽ പോലീസിൽനിന്ന് രക്ഷപ്പെടാൻ ഒളിച്ചുനടന്ന അതേ പൂഞ്ഞാറിൽ, പതിറ്റാണ്ടുകൾക്കുശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.എസ്. തിരിച്ചെത്തി.

അന്ന് അദ്ദേഹം മറന്നില്ല തന്നെ സംരക്ഷിച്ച ഇട്ടിണ്ടാൻ വൈദ്യനെയും ഭാര്യ ദേവകിയെയും, അഭയം നൽകിയ ആ തറവാടിനെയും, ഒളിവുജീവിതത്തിന്റെ സാക്ഷികളായ കുടുംബങ്ങളെയും. ഇട്ടിണ്ടാൻ വൈദ്യനും മകൻ വി.ഐ. സഹദേവനും മരിച്ചപ്പോൾ വാലാനിക്കൽ വീട്ടിലെത്തി വി.എസ്. അന്തിമോപചാരം അർപ്പിച്ചതും ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

വി.എസ്. അച്യുതാനന്ദൻ ഒന്നാം അനുസ്മരണത്തിൽ പൂഞ്ഞാറിന്റെ അടയാളമായി ‘വി.എസ്. അച്യുതാനന്ദൻ റോഡ്.’

പൂഞ്ഞാറിലെ വി.എസിന്റെ ഒളിവുജീവിതത്തിന്റെ ഓർമകൾക്ക് ഇന്ന് മറ്റൊരു ചരിത്ര അടയാളം കൂടിയുണ്ട്. വി.എസ്. അച്യുതാനന്ദൻ ഒളിവിൽ കഴിഞ്ഞിരുന്ന പ്രദേശത്തെ റോഡിന് ഇപ്പോൾ ‘വി.എസ്. അച്യുതാനന്ദൻ റോഡ്’ എന്നാണ് പേര്. ഒരു കാലത്ത് പോലീസിന്റെ കണ്ണുവെട്ടിച്ച് നടന്ന യുവ വിപ്ലവകാരിയുടെ ഓർമയ്ക്ക്, അദ്ദേഹം ഒളിവിൽ കഴിഞ്ഞ മണ്ണിൽ ഉയർന്നുനിൽക്കുന്ന സ്മാരക അടയാളം കൂടിയാണിത്.

അതുകൊണ്ടുതന്നെ പൂഞ്ഞാറിലെ ഈ വീടുകൾ വെറും പഴയ തറവാടുകളല്ല. ഒരു വിപ്ലവകാലത്തിന്റെ സാക്ഷികളാണ്. വി.എസ്. അച്യുതാനന്ദന്റെ ജീവിതത്തിലെ സമരവും ഒളിവും വേദനയും പ്രതീക്ഷയും ഒത്തുചേർന്ന ചരിത്രത്തിന്റെ ജീവനുള്ള സ്മാരകങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *