കൊഴുവനാൽ: സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെൻ്റ് ജോൺ നെപും സ്യാൻസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വേറിട്ട ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരോടുള്ള ആദരവും സ്നേഹവും പ്രകടമാക്കിക്കൊണ്ട് ഇന്നത്തെ ദിവസത്തെ സ്കൂൾ അസംബ്ലി മുഴുവനായും കുട്ടികൾ തന്നെയാണ് നിയന്ത്രിച്ചത്.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ തന്നെ സ്വാഗതവും പ്രതിജ്ഞയും ദിനസന്ദേശവും നൽകി. അധ്യാപകരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും സ്മരിച്ചുകൊണ്ട് കുട്ടികൾ അധ്യാപകർക്ക് ആദരവും ഉപഹാരങ്ങളും നൽകി.
അസംബ്ലിക്ക് ശേഷം സ്കൂളിലെ ഭരണവും അധ്യാപനവും വിദ്യാർത്ഥികൾ ഏറ്റെടുത്തു. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ അധ്യാപകരായി വിവിധ ക്ലാസുകൾ നയിച്ചു. സ്കൂൾ ലീഡർ ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചപ്പോൾ, മറ്റ് വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിലെ അധ്യാപകരായി മാറി കാര്യക്ഷമമായി ക്ലാസുകൾ എടുത്തു.
അധ്യാപകരെ താൽക്കാലികമായി അവരുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കി, അവർക്കായി കുട്ടികൾ വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കാനും അധ്യാപനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ ദിനാചരണം ഉപകരിച്ചു.





