സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ ചൂടിൽ അൽപം ആശ്വാസമുണ്ടായേക്കും. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്.
ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസ്സമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഇന്നതേത് കൂടി ഈ പ്രതിചക്രവാതം ദുർബലമാകും ഇത് അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കും. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും.





