മുരിക്കുംപുഴയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മുരിക്കുംപുഴ തേക്കിലക്കാട്ടിൽ കെ.പ്രേമാനന്ദൻ (63), മകൻ അമൽ പി.ആനന്ദ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30നാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
രോഗബാധിതനായിരുന്ന അമലിന് വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെ അമൽ കിടപ്പിലായി. പ്രേമാനന്ദനാണ് അമലിനെ ശുശ്രൂഷിച്ചിരുന്നത്.
പ്രേമാനന്ദന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. നഗരസഭ സർവീസിൽനിന്ന് വിരമിച്ചയാളാണ് ശോഭന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ബന്ധുക്കളുടെ മൊഴിയും ഇന്നു രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.





