ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെയാണ് സംഭവം.
തലയ്ക്കും ചെവിക്കും പരിക്കേറ്റ ലിമിനയുടെ ചെവി വെട്ടിന്റെ ആഘാതത്താൽ മുറിഞ്ഞു പോയി. ഇത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്.
വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി എട്ട് മണിയോടെയാണ് വെട്ടിൽ കലാശിച്ചത്. അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.