poonjar

ആദിവാസി യുവാവിന് നീതി ഉറപ്പാക്കണം; ഡിവൈഎസ്പിയെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തണം: സി.പി.എം.

പൂഞ്ഞാർ: പെരിങ്ങുളത്ത് ആദിവാസി യുവാവ് അഭിലാഷിനെ പോലീസ് ക്രൂരമായി മർദിച്ചതിൽ നീതിപൂർവമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം. പൂഞ്ഞാർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 26ന് സി.പി.എം. പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ആദിവാസി യുവാവിനെതിരായ അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ട ചുമതലയുള്ള ഡിവൈഎസ്പി, അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പുതന്നെ പത്രസമ്മേളനം നടത്തി പോലീസിന്റെ ഭാഗത്ത് കുറ്റമില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രതിഷേധാർഹമാണ്.

യുവാവിന് നീതി ഉറപ്പാക്കുന്നതിനായി നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. സംഭവത്തിൽ വസ്തുതകൾ പുറത്തുകൊണ്ടുവരുകയും നിയമവിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുകയും വേണം.

ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം. പോലീസ് അധികാരദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അഭിലാഷിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.പി.എം. പൂഞ്ഞാർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *