pala

ബാഡ്മിന്റൺ ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; പാലായുടെ അഭിമാനമായി ദമ്പതികളായ ആനന്ദ് ജോർജും ലാലി ജോസഫും

പാലാ: ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ (Gwangju) നടന്ന ബാഡ്മിന്റൺ ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പാലാ സ്വദേശികളായ ദമ്പതികൾ ആനന്ദ് ജോർജും ലാലി ജോസഫും സ്വർണമെഡൽ നേടി രാജ്യത്തിനും നാടിനും അഭിമാനമായി.

60 വയസ്സിന് മുകളിലുള്ളവരുടെ മിക്സഡ് ഡബിൾസ് വിഭാഗത്തിലാണ് ഇരുവരും ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. നേവേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ (NLC) നിന്ന് വിരമിച്ച ശേഷം പാലായിൽ സ്ഥിരതാമസമാക്കിയ ഇരുവരും നിലവിൽ സെന്റ് തോമസ് കോളേജ് പാലായിലെ ഷിബ്സ് സ്കൂൾ ഓഫ് ബാഡ്മിന്റണിൽ പരിശീലനം നടത്തിവരികയാണ്. വിരമിച്ച ശേഷവും കായികരംഗത്തോടുള്ള താൽപര്യവും അർപ്പണബോധവും നിലനിർത്തി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിജയക്കൊടി പാറിച്ച ഇവരുടെ നേട്ടം ഏറെ ശ്രദ്ധേയമാണ്.

ലാലി ജോസഫ് സെന്റ് തോമസ് കോളേജ് പാലാ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മുൻ മേധാവി പ്രൊഫ. ടി.എസ്. ജോസഫിന്റെ മകളാണ്. പ്രായം കായിക മികവിന് തടസ്സമല്ലെന്നും ആത്മാർഥമായ പരിശീലനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിക്കാമെന്നും തെളിയിക്കുന്നതാണ് ഈ ദമ്പതികളുടെ വിജയം. ഇരുവരെയും കോളേജിൽ നടന്ന ചടങ്ങിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ടോജി തോമസ് ആദരിച്ചു.

വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ്, ഡോ. ജിൻസ് കാപ്പൻ, ഷിബസ് സ്കൂൾ ഓഫ് ബാഡ്മിന്റൺ മുഖ്യ പരിശീലകൻ ഷിബു ഗോപിദാസ് എന്നിവർ അനുമോദനയോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *