pala

യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; മുടക്കിയ സർവ്വീസുകൾ ഓരോന്നായി ഓടിച്ചു തുടങ്ങി

പാലാ: ഡിപ്പോ അധികൃതർ 10-ൽ പരം ദ്വീർഘദൂര സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നടത്തിയ പരാതിക്കും പ്രതിഷേധത്തിനും ഭാഗികമായി ഫലം കണ്ടു തുടങ്ങി. യാത്രക്കാരുടെ സംഘടയുടെ പരാതിയെ തുടർന്ന് അധികൃതർ കർശന നടപടിയാണ് സ്വീകരിച്ചത്.

വർഷങ്ങളായി സർവ്വീസിലുള്ളതും മുഴുവൻ സീറ്റുകളും മുൻകൂർ റിസർവേഷനിലുള്ളതുമായ ജനപ്രിയ ദ്വീർഘദൂര പ്രഭാത സർവ്വീസുകളാണ് പകരം ക്രമീകരണം ഇല്ലാതെ റദ്ദു ചെയ്തിരുന്നത്. ഇത് സ്ഥിരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു.

ലഭ്യമായ സൗകര്യം പ്രയോജനപ്പെടുത്തി സർവ്വീസ് മുടക്കം ഒഴിവാക്കിയേ തീരൂ എന്ന കർശന നിർദ്ദേശം ഉണ്ടായതിനെ തുടർന്ന് ഇന്നലെ വരെ ഇല്ലാതിരുന്ന വണ്ടിയും ജീവനക്കാരും വളരെ പെട്ടെന്ന് ഡിപ്പോയ്ക്ക് ഉണ്ടാവുകയും പ്രഭാത സർവ്വീസുകളായ 3.00 മണി കണ്ണൂർ 6.00 തൃശൂർ സർവ്വീസുകൾ ഇന്ന് പുനരാരംഭിക്കുകയും ചെയ്തു.

ശബരിമല സ്പെഷ്യൽ പൂളിംഗിൻ്റെ പേരു പറഞ്ഞാണ് ഡിപ്പോ അധികൃതർ കൂട്ടത്തോടെ സർവ്വീസുകൾ റദ്ദാക്കി കൈകഴുകിയത്. പാലാ ഡിപ്പോയുടെ എട്ടിൽ പരം ബസുകളാണ് വിവിധ ഡിപ്പോ വർക്ക്ഷോപ്പുകളിൽ നിസ്സാര അറ്റകുറ്റപണിക്കായി ദിവസങ്ങളായി കാത്തു കിടക്കുന്നത്.

സ്പെഷ്യൽ സർവ്വീസിന് ബസുകൾ അയയ്ക്കുന്നതിന് മുന്നോടിയായി മറ്റു ബസുകൾ അറ്റകുറ്റപണി നടത്തി സർവ്വീസിന് അയയ്ക്കുവാൻ പാലാ ഡിപ്പോ അധികൃതർ മുന്നൊരുക്കം നടത്താതെയാണ് കൂട്ട സർവ്വീസ് റദ്ദാക്കൽ നടപ്പാക്കി ജനരോഷത്തിനും കോർപ്പ റേഷൻ്റെ കർശന ഇടപെടലിനും ശാസനയ്ക്കും ഇടയാക്കിയതെന്ന് പരാതി നൽകിയ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.

പതിറ്റാണ്ടുകളായി മുടങ്ങാതെ സർവ്വീസ് നടത്തുന്ന 8.00 കോഴിക്കോട് ഉൾപ്പെടെയുള്ള പ്രസ്റ്റീജ് ദീർഘദൂര സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഉടൻ പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് കോഴിക്കോട് സർവ്വീസ് മുടക്കുന്നത്.

100ൽ പരം യാത്രക്കാരുമായി അപകട യാത്ര

പാലാ ഡിപ്പോയുടെ കോട്ടയം – തൊടുപുഴ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവ്വീസ് 16 – ൽ നിന്നും 10 ആയി വെട്ടിക്കുറച്ചതിനെ തുടർന്ന് റൂട്ടിൽ വലിയ യാത്രാ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ബസുകളിൽ നിന്നു തിരിയാൽ ഇട മില്ലാതെ 100-ൽ പരം യാത്രക്കാരെ വരെ കുത്തിനിറച്ചുള്ള യാത്രയാണ് നടക്കുന്നത്.

റദ്ദുചെയ്ത സർവ്വീസുകൾക്ക് പകരം മുൻകാലങ്ങളിൽ നടപ്പാക്കിയതുപോലെ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകൾ ക്രമീകരിച്ച് യാത്രാ തടസ്സം ഒഴിവാക്കണമെന്നും തൊഴിൽ നഷ്ടമായ എം പാനൽ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *